ദേശീയ പതാകയെ അവഹേളിച്ചെന്ന് പരാതി ; ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കേസ്

ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരില്‍ ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസില്‍ കേസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് . എസ്. എസ്. മനോജ് 2022 ജനുവരി 25ന് നല്‍കിയ പരാതിയിലാണ് നവംബര്‍ 15ന് പോലീസ് കേസ് രജിസ്റ്റര്‍ (നം. 1583/2022) ചെയ്തത്.റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷര്‍ട്ട്, മിഠായി തൊലി, ചുരിദാര്‍, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളില്‍ ദേശീയ പതാകയുടെ ചിത്രം പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോണ്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.

രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യന്‍ ദേശീയതയേയും അപമാനിച്ചും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദേശ ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.ഇപ്പോള്‍ തന്നെ തെളിവുകള്‍ നശിപ്പിക്കാനുള്ള സമയം കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. വിവര സാങ്കേതിക വിദ്യയിലെ അതീവ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിനു മാത്രമേ ഫലം കാണാന്‍ കഴിയുള്ളൂവെന്നും, കമ്പനിക്കെതിരെ ശിക്ഷാ നടപടികള്‍ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.