സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ പൊലീസ് ക്ലിയറന്‍സ് ആവശ്യമില്ല
സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര് ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കേണ്ടതില്ലെന്ന് സൗദി അറേബ്യ. പുതിയ പ്രഖ്യാപനം സൌദിയില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 22 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്, കൂടാതെ പശ്ചിമേഷ്യയിലെ ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യമാണിത്. കോവിഡ് -19 മഹാമാരി സമയത്ത് ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, തൊഴിലിനായി സൗദി അറേബ്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ വര്‍ധനയുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കണക്കിലെടുത്താണ് വിസയ്ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി അറിയിച്ചു. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ സൗദി അറേബ്യ അഭിനന്ദിക്കുന്നുവെന്നും എംബസി പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ വികസനത്തിന് നല്കിയ സംഭാവനകളെ അവിടത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബറില്‍, തൊഴിലാളികള്‍ക്കുള്ള കുടിയേറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് സംവിധാനം സൗദി അറേബ്യയുടെ ഇ-തൗതീഖ് സംവിധാനവുമായി സംയോജിപ്പിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.