കുടുംബശ്രീ വഴി നിര്‍ണായക തസ്തികകളില്‍ വരെ RCCയില്‍ നടത്തിയത് 300 ലധികം നിയമനങ്ങള്‍

ഉന്നത തസ്തികകളില്‍ വരെ പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ സംഭവങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കുടുംബശ്രീ നടത്തിയത് 300 ല്‍ അധികം നിയമനങ്ങള്‍ റിപ്പോര്‍ട്ടുകള്‍. നഴ്‌സിംഗ് അസിസ്റ്റന്റും, ഫാര്‍മസിസ്റ്റും അടക്കമുള്ള നിര്‍ണായക തസ്തികകളില്‍ വരെ കുടുംബശ്രീ വഴി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി. കുടുംബശ്രീയ്ക്ക് കീഴില്‍ കേരള ശ്രീ രൂപീകരിച്ചാണ് നിയമനം. സ്വീപ്പര്‍, ക്ലീനര്‍ അടക്കമുള്ള തസ്തികകളിലേയ്ക്ക് മാത്രമാണ് കുടുംബശ്രീ മുഖേന നിയമനങ്ങള്‍ നടത്താന്‍ അനുമതിയുള്ളത്. ഇതിന്റെ മറവില്‍ ആണ് നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ സുപ്രൈവസര്‍ തുടങ്ങി ബയോ മെഡിക്കല്‍ എഞ്ചിനീയറെ വരെ കുടുംബശ്രീ വഴി നിയമിച്ചത്.

ഇത്തരത്തില്‍ സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ ഇന്റര്‍വ്യു പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനം നല്‍കിയത് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന് കീഴില്‍ കേരളശ്രീ എന്ന പേരില്‍ യൂണിറ്റ് രൂപീകരിച്ചായിരുന്നു നിയമനം. മൂന്ന് മുതല്‍ ആറ് മാസത്തേയ്ക്കാണ് നിയമനം. എങ്ങനെ യോഗ്യരായവരെ കണ്ടെത്തി എന്ന് അന്വേഷിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയെന്നായിരുന്നു കേരളശ്രീ ചുമതല വഹിക്കുന്നവരുടെ മറുപടി. ഒപ്പം RCC നിയമനങ്ങള്‍ക്ക് കമ്മീഷനായി തുക ഒന്നും ഈടാക്കാറില്ല എന്നും ഇവര്‍ പറയുന്നു. കോവിഡ് കാലമായതിനാലാണ് നിയമന ചുമതല കുടുംബശ്രീയ്ക്ക് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തരം ഉയര്‍ന്ന തസ്തികയിലെ നിയമനങ്ങള്‍ ഇപ്പോഴും കുടുംബശ്രീയ്ക്ക് നല്‍കുന്നുണ്ട്. അതിന് തെളിവാണ് എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിലേയ്ക്ക് മാനേജര്‍ തസ്തികയിലടക്കം കുടുംബശ്രീ മുഖേന നിയമനം നടത്താന്‍ മുന്‍ഗണന പട്ടികയ്ക്കായി കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ DR അനില്‍ കത്ത് തയ്യാറാക്കിയത്.