വനിതാ ഹോസ്റ്റലിലെ നിയന്ത്രണം : വിവേചനം പാടില്ല ; അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍

കോഴിക്കോട് : വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്‌നമെന്ന് വനിതാ കമ്മീഷന്‍. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടുത്ത സിറ്റിംഗില്‍ മെഡിക്കല്‍ കോളജ് അധികൃതരെ കേള്‍ക്കും. ആണ്‍ – പെണ്‍ വിവേചനമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളില്‍ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിന്‍സിപ്പാള്‍ കുട്ടികളെ ചര്‍ച്ചക്ക് വിളിച്ചത്. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ ഇടപെടല്‍. കേരളത്തില്‍ ഇപ്പോഴും മിക്ക വനിതാ ഹോസ്റ്റലുകളിലും ആറു മണിക്ക് മുന്‍പ് കയറണം എന്ന നിബന്ധന ഉണ്ട്.