കേരളത്തില്‍ മദ്യപാനികള്‍ക്ക് മോശം സമയം ; നഷ്ടം നികത്താന്‍ മദ്യവില വീണ്ടും കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം
മദ്യപാനികളുടെ കീശ ചോര്‍ത്തുന്ന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. സംസ്ഥാനത്ത് മദ്യ വില ഇനിയും ഉയരും. രാജ്യത്തു മദ്യ വില്പനയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള കേരളത്തില്‍ എന്നാല്‍ മദ്യ കച്ചവടം നഷ്ടത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസ്റ്റ്‌ലറികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു ഇത് വഴി സംസ്ഥാന ഖജനാവിനുണ്ടാകുന്ന 170 കോടി നഷ്ടം പരിഹരിക്കാനാണ് ആ ഭാരം കൂടി നാട്ടുകാരുടെ തലയില്‍ ഇട്ടു വിലകൂട്ടുന്നത് . തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും. വില്‍പ്പന നികുതി രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ധന-എക്‌സൈസ് വകുപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചയിലെ ധാരണ. അടുത്ത മന്ത്രിസഭാ യോഗത്തിലാകും മദ്യവിലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ ബവ്‌കോ നേരിട്ടത് കടുത്ത പ്രതിസന്ധി. ജനപ്രിയ ബ്രാന്റുകളൊന്നും വില്‍പ്പനക്ക് വന്നില്ല. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ 100 കോടി നഷ്ടം ഇതുവഴി ഉണ്ടായെന്നാണ് ബവ്‌കോ എംഡി സര്‍ക്കാരിനെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനം വില സ്പിരിറ്റിന് കൂടിയ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയില്‍ സ്പരിറ്റ് വാങ്ങി കുറഞ്ഞ നിരക്കിലുള്ശള മദ്യ ഉല്‍പ്പാദനം സാധ്യമല്ലെന്ന് അറിയിച്ചാണ് സംസ്ഥാനത്തെ ഡിസ്റ്റിലറി ഉടമകള്‍ മദ്യോത്പാദനം നിര്‍ത്തിയത്. മാത്രമല്ല ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് മാത്രം ബാധകമായ വില്‍പ്പന നികുതിയിലും ഉണ്ടായിരുന്നു കടുത്ത പ്രതിഷേധം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം വാങ്ങി മുന്നോട്ടുപോയാല്‍ ബെവ്‌ക്കോക്ക് ഉണ്ടാകുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്താണ് വിറ്റുവരവ് നികുതി ഒഴിവാക്കല്‍ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയത്. വിറ്റുവരവ് നികുതി ഒഴിവാക്കുന്നത് വഴി ഉണ്ടാകുന്ന 170 കോടിയുടെ നഷ്ടം നികത്താനാണ് മദ്യവില കൂട്ടുന്നത് .വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഇന്ന് മുതല്‍ ഡിസ്ലറികളില്‍ മദ്യ ഉല്‍പ്പാദനം പുനരാരംഭിച്ചിട്ടുണ്ട്.