കൊച്ചിയിലെ പൊട്ടി പൊളിഞ്ഞ കാനകള്‍ രണ്ടാഴ്ച്ചയ്ക്കകം നന്നാക്കണം എന്ന് കോടതി

കൊച്ചി നഗരത്തിലെ പൊട്ടി പൊളിഞ്ഞ കാനകള്‍ രണ്ടാഴ്ച്ചയ്ക്കകം അന്തര്‍ദേശീയ നിലവാരത്തില്‍ നന്നാക്കണമെന്ന് കോര്‍പ്പറേഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എല്ലാം വഴി നടക്കണമെന്നും കോടതി കോര്‍പ്പറേഷനോട് പറഞ്ഞു. കാനയില്‍ മൂന്ന് വയസ്സുകാരന്‍ വീണ സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ടെത്തി ഖേദം രേഖപ്പെടുത്തി. ഖേദമല്ല, നടപടിയാണ് ആവശ്യമെന്ന് കോടതി മറുപടി നല്‍കി. കൊച്ചി മെട്രോ സിറ്റിയാണെന്നും കോടതി ഓര്‍മ്മപ്പിച്ചു.

ഓടകള്‍ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടര്‍ മേല്‍നോട്ടം വഹിക്കണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഓടകള്‍ സ്ലാബിട്ട് മൂടണം. അല്ലാത്ത വലിയ ഓടകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സംരക്ഷണ വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പേരിനുവേണ്ടിയാകരുത് ഇത്തരം നടപടികള്‍ എന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടി കാനയില്‍ വീണതില്‍ ഖേദം പ്രകടിപ്പിച്ച കോര്‍പറേഷന്‍ സെക്രട്ടറി, കോടതി നല്‍കിയ സമയത്തിനുള്ളില്‍ സ്ലാബിടല്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.

കൊച്ചിയില്‍ സ്ലാബിടാത്ത കാനയില്‍ വീണാണ് കുഞ്ഞിന് പരിക്കേറ്റത്. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അമ്മയ്‌ക്കൊപ്പം നടന്നു പോയ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെ പനമ്പിള്ളി നഗറില്‍ നടപ്പാതയ്ക്ക് സമീപമുള്ള കാനയിലാണ് കുട്ടി വീണത്. കുട്ടി വീണയുടന്‍ അമ്മ കാനയിലേക്കിറങ്ങി കാലുകള്‍ കൊണ്ട് ഉയര്‍ത്തിയാണ് രക്ഷിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളും സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിന് തലയ്ക്കു പരിക്കുണ്ട്. അമ്മ കുട്ടിയെ കാല്‍ വെച്ച് തടഞ്ഞില്ലായിരുന്നു എങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ ഹര്‍ഷന്‍ പറഞ്ഞു. വലിയ കനാല്‍ ഭാഗം സ്ഥിരമായി വൃത്തിയാക്കുന്നതിനാണ് ഈ ഭാഗം സ്ലാബിടാതെ ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് കൗണ്‍സിലര്‍ അഞ്ജന ടീച്ചറുടെ വിശദീകരണം. കൊച്ചി നഗരത്തിലെ മേല്‍മൂടിയില്ലാത്ത കാനകളാണ് അപകടത്തിന് വഴിവയ്ക്കുന്നത്. ഇത് പരിഹരിക്കാന്‍ കോര്‍പറേഷന്‍ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.