മേയറുടെ കത്ത് വിവാദം അന്വേഷണത്തില്‍ അട്ടിമറി ; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

കത്ത് വിവാദം കത്തി നില്‍ക്കുന്ന സമയം തന്നെ അന്വേഷണത്തില്‍ അട്ടിമറി. സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ആര്‍.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി മാറ്റിനിയമിച്ചു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പി.യായും ചൈത്രാ തെരേസാ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. പോലീസ് ബറ്റാലിയന്‍ രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോകനെ തൃശ്ശൂര്‍ ജില്ലാ പോലീസ് കമ്മിഷണറായും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി രവി കെ.ബി.യെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി.യായും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി രാജീവ് പി.ബി.യെ വനിതാ കമ്മിഷന്‍ ഡയറക്ടറായും മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. എം.എല്‍. സുനിലിനെ കൊല്ലം റൂറല്‍ എസ്.പി.യായും മാറ്റി.