ചരിത്രമെഴുതി ഐഎസ്ആര്‍ഒ ; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു
രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം നടന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്സ് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നില്‍. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്നത്. മിഷന്‍ പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ഓതറൈസേഷന്‍ സെന്ററുമായുള്ള (ഇന്‍സ്പേസ്) കരാര്‍ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്.
290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ അകലെയുള്ള സണ്‍ സിംക്രണൈസ്ഡ് പോളാര്‍ ഓര്‍ബിറ്റില്‍ എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്രം ഒന്ന് രൂപകല്‍പന ചെയ്തിട്ടുള്ളത്. വിക്രം രണ്ട്, മൂന്ന് സീരീസുകളും സ്‌കൈറൂട്ട്സ് തയ്യാറാക്കുന്നുണ്ട്. സ്പേസ് കിഡ്സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാകും വിക്രം എസ് വിക്ഷേപിച്ചത്. റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആര്‍ഒയാണ്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് നിര്‍മിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.