പെണ്‍കുട്ടിയെ കൊന്നു ഫ്രിഡ്ജില്‍ വെച്ച സംഭവം ; മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു

ഡല്‍ഹി ശ്രദ്ധ കൊലപാതകത്തില്‍ മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. പ്രതി അഫ്താബിന്റെ മെഹ്‌റോളിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്‌ലാറ്റില്‍ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുന്‍പ് പല തവണ ശ്രദ്ധ അപ്താബില്‍ നിന്ന് ക്രൂരമായ മര്‍ദ്ധനം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

‘ഇന്ന് ഒന്നും നടക്കില്ല, ഇന്നലെ കിട്ടിയ അടിയില്‍ ബിപി കുറഞ്ഞ് ഞാന്‍ അവശയാണ്. കിടക്കയില്‍ നിന്ന് ഇറങ്ങാന്‍ പോലും ശക്തിയില്ല ‘ ശ്രദ്ധ തന്റെ വര്‍ക്ക് മാനേജര്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു. മുറിവേറ്റ പാടുകളുള്ള ശ്രദ്ധയുടെ മുഖത്തിന്റെ ചിത്രവും ഈ ചാറ്റിലുണ്ട്. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ ശ്രദ്ധയുടെ കൊലപാതകം അന്വേഷിക്കുന്ന ദില്ലി പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്നത്തെ മര്‍ദ്ധനത്തില്‍ ശ്രദ്ധയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോള്‍ സെന്റര്‍ ജീവനക്കാരായ ശ്രദ്ധ (26), അഫ്താബ് (28) എന്നിവര്‍ മെയ് മാസത്തില്‍ ദില്ലിയിലേക്ക് താമസം മാറിയിരുന്നു. നാല് ദിവസത്തിന് ശേഷം തര്‍ക്കത്തെത്തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജില്‍ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് ഇപ്പോള്‍ വിവാദമായ കൊലപാതക കേസ്.

അഫ്താബുമായുള്ള ശ്രദ്ധയുടെ ബന്ധം അംഗീകരിക്കാത്തതിനാല്‍ 2021 മെയ് മുതല്‍ ശ്രദ്ധയോട് സംസാരിക്കാറില്ലെന്നാണ് ശ്രദ്ധയുടെ പിതാവ് പറയുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ശ്രദ്ധയുടെ കൊലപാതകത്തിലേക്കും അഫ്താബിലേക്കും എത്തിയത്. ഉപേക്ഷിക്കപ്പെട്ട ശരീരഭാഗങ്ങള്‍, ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം മുതലുള്ള വസ്ത്രങ്ങള്‍, ശ്രദ്ധയുടെ ഫോണ്‍ എന്നിങ്ങനെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ നവംബര്‍ 17 ന് അഫ്താബിനെ ദില്ലി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.