കൊച്ചിയില്‍ മോഡലിനെ ബലാല്‍സംഗം ചെയ്ത സംഭവം ; പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിരുന്നു

കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുന്‍പും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്ന് വാര്‍ത്തകള്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു ഇത്. അന്നത്തെ കേസില്‍ പ്രതികള്‍ക്ക് എതിരെ പോക്‌സോ ചുമത്തിയിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുഹൃത്തും രാജസ്ഥാന്‍ സ്വദേശിയുമായ മോഡല്‍ ഡിംപിളാണ് കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ അറസ്റ്റിലായ ഡിംപിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡിംപിളും മറ്റു പ്രതികളും ചേര്‍ന്നാണ് പീഡനത്തിന് ഇരയായ യുവതിയെ ബാറില്‍ എത്തിക്കുന്നത്. അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റുന്നത്. എന്നാല്‍ ഈ സമയത്ത് ഡിംപിള്‍ വാഹനത്തില്‍ കയറിയില്ല. 45 മിനിറ്റ് നഗരത്തില്‍ കറങ്ങിയ ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന മോഡലില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്.

ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. രാത്രി പത്തുമണിയോടെ പെണ്‍കുട്ടി ബാറില്‍ കുഴഞ്ഞു വീണു. മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാജസ്ഥാന്‍ സ്വദേശിയായ മോഡല്‍ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടര്‍ന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബില്‍ എത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കാസര്‍ഗോഡ് സ്വദേശിയായ പത്തൊന്‍പത് കാരി പോലീസിന് മൊഴിനല്‍കി. ബിയര്‍ കഴിച്ചപ്പോള്‍ അവശയായി. ബിയറില്‍ എന്തോ പൊടി ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. താന്‍ മറ്റ് സുഹൃത്തുക്കളെ കണ്ട് തിരികെ വരുമെന്നും സുദീപ് , വിവേക്, നിധിന്‍ എന്നിവര്‍ക്കൊപ്പം വാഹനത്തില്‍ കയറാനും ഡിമ്പല്‍ ആണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്ത യുവാക്കള്‍ വാഹനത്തില്‍ വച്ച് മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഒരു കടയില്‍ കയറി ഭക്ഷണം വാങ്ങികൊടുത്തു. പ്രതികരിക്കാന്‍ ശേഷി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കാക്കനാട് യുവതി താമസിച്ചിരുന്ന ഇടത്ത് പോലിസ് പരിശോധന നടത്തി. പബ്ബില്‍ നിന്നും യുവതിയുമായി മൂവര്‍ സംഘം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.