ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളില്‍ ദീപങ്ങള്‍ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവര്‍ത്തകര്‍

നിരണം: പ്രാദേശികതലം മുതല്‍ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതല്‍ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘര്‍ഷകാലത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്‌നേഹത്താല്‍ കോര്‍ത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്‌ബോള്‍ ലോകത്തിന്റെ മാമാങ്കമായി തീര്‍ന്നിരിക്കുന്നതെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി റവ.ഫാദര്‍ സി.ബി. വില്യംസ് പ്രസ്താവിച്ചു.

നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളില്‍ ദീപങ്ങള്‍ തെളിയിച്ച് ഐക്യദാര്‍ഢ്യം പുലര്‍ത്തി ഇഷ്ടതാരങ്ങള്‍ക്ക് വേണ്ടി ബി.ഇ.സി യൂത്ത് ഫോറം പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള തൂക്കുവിളക്കില്‍ നിന്നും നിന്നും ആണ് ദീപങ്ങള്‍ തെളിയിച്ചത്. ഫുട്‌ബോള്‍ പ്രേമിയായ യൂത്ത് ഫോറം ജോയിന്റ് സെക്രട്ടറി വാലയില്‍ ഡാനിയേല്‍ തറവാടിനും മതിലിനും അര്‍ജന്റ്റീനയുടെ ജേഴ്‌സിയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങുള്ളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ചടങ്ങില്‍ സി.ജെ.ജോണ്‍, അജോയി വര്‍ഗ്ഗീസ് , റെന്നി തോമസ് തേവേരില്‍ എന്നിവര്‍ സന്ദേശം നല്കി.യൂത്ത് ഫോറം ഭാരവാഹികളായ സോജന്‍ ഏബ്രഹാം, ശേബ വില്യംസ്, റാണി സിജി, ജിയോ ജേക്കബ്, ഫീബ വില്യംസ്, സുനില്‍ ചാക്കോ, ഏബല്‍ റെന്നി തോമസ്, സുജ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്കി. വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഭാരവാഹികള്‍ക്ക് മാനേജിങ്ങ് ട്രസ്റ്റി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള കൃതജ്ഞത രേഖപെടുത്തി.

ഫോട്ടോ:ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി റവ.ഫാദര്‍ സി.ബി. വില്യംസ് ആദ്യ ദീപം തെളിയിച്ച് യൂത്ത് ഫോറം പ്രവര്‍ത്തകര്‍ക്ക് നല്കുന്നു.