അമേരിക്കയില്‍ LGBT നിശാക്ലബിലെ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ കൊളറാഡോയിലെ LGBT നിശാക്ലബില്‍ ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചതെന്ന് കരുതുന്നയാളെ പരിക്കേറ്റ നിലയില്‍ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കൊളറാഡോ സ്പ്രിംഗ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.18 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി അമേരിക്കന്‍ സമയം 11:57 നാണ് പോലീസിന് നിശാ ക്ലബിലെ വെടിവെയ്പ്പ് സംബന്ധിച്ച് ആദ്യ അറിയിപ്പ് ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും അക്രമിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞു. ഡസന്‍ കണക്കിന് പോലീസ് വാഹനങ്ങളും ക്ലബ്ബിന് സമീപം ഒരു ഫയര്‍ ട്രക്കും ക്ലബിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നതായി പ്രമുഖ മാധ്യമമായ എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗ നിശാക്ലബ്ബായ പള്‍സില്‍ നടന്ന കൂട്ടക്കൊലയില്‍ 49 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം എല്‍ജിബിടി സമൂഹത്തിനെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ”എല്ലാവരും ഈ അക്രമത്തില്‍ നിന്ന് കരകയറുമ്പോള്‍ എന്റെ ഹൃദയം നമ്മുടെ LGBTQ+ കമ്മ്യൂണിറ്റിയോടൊപ്പമാണ്,” ജനപ്രതിനിധി ജേസണ്‍ ക്രോ, ഡി-കൊളോ ഒരു ട്വീറ്റില്‍ എഴുതി. ”ഈ വിദ്വേഷത്തില്‍ നിന്ന് LGBTQ സമൂഹത്തെ സംരക്ഷിക്കേണ്ടതുണ്ട്,” ഡി-കോളിലെ സെനറ്റര്‍ ജോണ്‍ ഹിക്കന്‍ലൂപ്പര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളായ കറുത്തവര്‍ഗ്ഗക്കാരില്‍ ഒരാളായ ഡി-എന്‍.വൈ. പ്രതിനിധി മൊണ്ടെയര്‍ ജോണ്‍സ്, വെടിവയ്പ്പില്‍ താന്‍ പ്രകോപിതനാണെന്ന് ട്വീറ്റ് ചെയ്തു. ‘LGBTQ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പൂര്‍ണ്ണ ജീവിതം നയിക്കാന്‍ അര്‍ഹരാണ്,’ ജോണ്‍സ് ട്വീറ്റ് ചെയ്തു.