സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ നിര്‍മലദാസി സമര്‍പ്പിത സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറല്‍

തൃശൂര്‍: നിര്‍മലദാസി സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 16- ാമത് ജനറല്‍ സിനാക്‌സിസിലാണ് പുതിയ സുപ്പീരിയറിനെ തെരഞ്ഞെടുത്തത്.

പുതുക്കാട് ഇടവക ആന്റണി-റോസി ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമത്തെ മകളാണ് സിസ്റ്റര്‍ എല്‍സി. കേരളത്തിലുള്ള ഡേവിസ് ഇല്ലിക്കല്‍, മേരി ബേബി തട്ടില്‍, വിയന്നയിലുള്ള റാഫി ഇല്ലിക്കല്‍, സ്വിറ്റര്‍ലന്‍ഡിലുള്ള ജെസ്സി ജോസ് പുലിക്കോട്ടില്‍ എന്നിവര്‍ സഹോരങ്ങളാണ്.

ജീവകാരുണ്യത്തിന്റെ കൗണ്‍സിലറായി സിസ്റ്റര്‍ സില്‍വി ചക്കാലയ്ക്കല്‍, മിഷന്‍ കൗണ്‍സിലറായി സിസ്റ്റര്‍ ലൂസി അന്തിക്കാട്ട്, ആരോഗ്യവകുപ്പ് കൗണ്‍സിലറായി സിസ്റ്റര്‍ കൊച്ചുമേരി കുറ്റിക്കാട്ട്, സിസ്റ്റര്‍ അല്‍ഫോന്‍സാ ചിറയത്ത് ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ കൊച്ചുമേരി കുറ്റിക്കാട്ട് അസി. സുപ്പീരിയര്‍ ജനറലിന്റെ ചുമതല വഹിക്കും.

1971 നവംബര്‍ 23 നാണ് സൊസൈറ്റി ഓഫ് നിര്‍മല ദാസി സിസ്റ്റേഴ്‌സ് (SNDS) രൂപം കൊണ്ടത്. അവിവാഹിതരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചു കൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജീവിതത്തിന്റെ താളം നഷ്ട്ട്ടപ്പെട്ടവര്‍, വീട്ടുകാരും സമൂഹവും ഭ്രഷ്ട് കല്‍പിച്ചവര്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍, കുഷ്ഠരോഗികള്‍ എന്നിങ്ങനെ ആരാലും വേണ്ടാത്തവരെയും വെറുക്കപ്പെട്ടവരെയും ഏറ്റെടുത്തതുകൊണ്ടാണ് തുടക്കകാലത്ത് നിര്‍മല ദാസി സമൂഹം പ്രവര്‍ത്തിച്ചത്. ഇന്ന് കേരളത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 48 ഭവനങ്ങള്‍ നിര്‍മല ദാസി സന്യസ്തര്‍ നടത്തിവരുന്നു. ലോകം മുഴുവനിലുമായി മുന്നൂറോളം സന്യസ്തരാണ് ഈ സന്യാസസമൂഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.