500 ബില്ല്യന്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി

പി പി ചെറിയാന്‍

മിസ്സോറി/ടെക്‌സസ്: 500 ബില്യണ്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ടെക്‌സസ് , മിസോറി കോടതികള്‍ സ്റ്റുഡന്റ് ലോണ്‍ എഴുതിത്തള്ളല്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് ലോണ്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്കന്‍ ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും പാന്‍ഡെമിക്കിനെ തുടര്‍ന്ന് ലോണ്‍ അടക്കുന്നതിന് നീട്ടിക്കൊടുത്ത സമയപരിധി അവസാനിക്കുകയും ചെയ്യുമെന്ന് കോടതിയില്‍ ഭരണകൂടം വാദിക്കുന്നു.

മിസോറി, ആര്‍ക്കന്‍സാസ്, ഐഓവ, നെബ്രാസ്‌ക സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലോണ്‍ റദ്ദാക്കലിന് എതിരെ ഇതിനകംതന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

കീഴ്ക്കോടതികളുടെ വിധി സുപ്രീംകോടതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ റിട്ടായി പരിഗണിച്ച് എത്രയും വേഗം ഈ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടു.