പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ
ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിക്ക് സുഖ ചികിത്സയ്ക്ക് അനുമതി. പെരിയ കേസിലെ മുഖ്യപ്രതിക്ക് ആണ് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയത്. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സിബിഐ കോടതി നിര്‍ദേശം നല്‍കി. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കൊച്ചി പ്രത്യേക സിബിഐ കോടതിയുടെ നിര്‍ദേശം. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡ് 40 ദിവസത്തെ ആയുര്‍വേദ ചികിത്സക്ക് നിര്‍ദേശിച്ചത്. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് എ.പീതാംബരന്‍.
ഇക്കഴിഞ്ഞ ഓക്ടോബര്‍ 14 നാണ് പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥിനോട് പരിശോധിക്കാന്‍ ജയില്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. അതേസമയം കോടതി അനുമതിയില്ലാതെയുള്ള നടപടിയില്‍ പിഴവ് കണ്ടെത്തിയതോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സിബിഐ കോടതി നിര്‍ദേശം നല്‍കിയത്. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കൊച്ചി പ്രത്യേക സിബിഐ കോടതിയുടെ നിര്‍ദേശം.