സി സി ടി വിയോട് പ്രതികാരം ചെയ്തു പാലക്കാടുള്ള ഒരു സിപിഎം നേതാവ് ; പിന്നിലെ കാരണം കേട്ടാല്‍ ആരും ചിരിക്കും
തന്റെ പ്ലാന്‍ എല്ലാം നിസാരമായി പൊളിച്ചു കളഞ്ഞ സി സി ടി വിയോട് പ്രതികാരം ചെയ്തു പാലക്കാടുള്ള ഒരു സിപിഎം നേതാവ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സിപിഎം അംഗം പള്ളത്ത് അബ്ദുല്‍ അമീര്‍ ആണ് തന്റെ രാഷ്ട്രീയ ഭാവി തന്നെ നാണക്കേടില്‍ ആക്കിയ സി സി ടി വിയോട് പ്രതികാരം ചെയ്തു ശ്രദ്ധേയനായത്. വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതര്‍ ആക്രമിച്ചപ്പോള്‍ പറ്റിയതാണെന്ന് വ്യാജ പരാതി നല്‍കിയ ഇയാളുടെ കള്ളം പൊളിച്ചത് അയല്‍വാസിയുടെ വീട്ടിലെ സിസിടിവി ആണ്. ഇതിന് പിന്നാലെ കള്ളം പൊളിച്ച അയല്‍വീട്ടിലെ സിസിടിവി അമീര്‍ അടിച്ചു തകര്‍ത്തു. സിസിടിവി തകര്‍ക്കാന്‍ ശ്രമിച്ചതിന് അമീറിനെതിരെ പൊലീസ് കേസെടുത്തു.
രാത്രി വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതര്‍ ആക്രമിച്ചതാണെന്ന് ഇയാള്‍ വ്യാജ പരാതി നല്‍കിയിരുന്നു. മൂന്ന് പേര്‍ ആയുധങ്ങളുമായെത്തി മര്‍ദ്ദിച്ചെന്നാണ് പരാതിപ്പെട്ടത്. രാത്രി ആയതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഭീഷണി നേരിടുന്നതായുമാണ് സിപിഎം അംഗം പറഞ്ഞത്. തുടര്‍ന്ന് അമീറിന്റെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് കോടതിപ്പടിയിലെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. രാത്രി ഇയാള്‍ തന്നെയാണ് വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. സ്വയം വീണതാണെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മൊഴി വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസും കേസ് അവസാനിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയുണ്ടായ മാനഹാനിയാണ് ക്യാമറ തകര്‍ക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അയല്‍വാസിയായ സക്കീറിന്റെ വീട്ടിലെ ക്യാമറയാണ് അമീര്‍ തകര്‍ത്തത്. ഇയാളുടെ വീടിന്റെ ജനലുകളും തകര്‍ന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അമീര്‍ സക്കീറിന്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി ആണ് ഇത്തരത്തില്‍ ഒരു കഥ മെനയാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു. പികെ ശശി വിഭാഗത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന അമീര്‍ മറ്റ് വിഭാഗത്തിലുള്ളവരെ പഴിചാരാന്‍ വേണ്ടിയാണ് കഥ മെനഞ്ഞതെന്നാണ് ആരോപണം. മണ്ണാര്‍ക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമാണ് പള്ളത്ത് അബ്ദുള്‍ അമീര്‍.