കളി തുടങ്ങി ; കൊല്ലത്ത് അടി തുടങ്ങി ; പാലക്കാട് കല്ലേറ്
നാട് ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിയ വേളയില്‍ അതിന്റെ പേരില്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും വെല്ലുവിളികളും ആരംഭിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ പലപ്പോഴും കയ്യാങ്കളിയിലേയ്ക്കും തിരിഞ്ഞു കഴിഞ്ഞു. അത്തരത്തില്‍ അടിപിടിക്ക് പേരുകേട്ട കൊല്ലത്തു തന്നെ ആദ്യ വെടിപൊട്ടി. കൊല്ലം ശക്തികുളങ്ങരയില്‍ ഫുട്ബാള്‍ ആരാധകരുടെ ആഘോഷം അവസാനിച്ചത് കൂട്ടയടിയില്‍. ലോകകപ്പിനെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ ശക്തികുളങ്ങരയില്‍ ഇന്നലെ വൈകീട്ടാണ് ആരാധകര്‍ ചേരി തിരിഞ്ഞു തമ്മിലടിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാല്‍ കേസ് എടുക്കുമെന്നും ശക്തികുളങ്ങര പൊലീസ് അറിയിച്ചു.
അതുപോലെ പാലക്കാടും ഫുട്ബോള്‍ റാലി ആക്രമാസക്തമായി. റാലിക്കിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ 22 പേര്‍ അറസ്റ്റിലായി. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. അനുമതിയോടെയാണ് റാലി നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്. അതേസമയം റാലി കാണാന്‍ വെറുതെ നിന്നവരെ പോലും പൊലീസ് കസ്റ്റഡിയില്‍ എടുത്തന്നും പരാതിയുണ്ട്. എന്നാല്‍, ആളുകള്‍ പിരിഞ്ഞുപോകാതെ പൊതുജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ലാത്തി വീശിയതെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ലോകകപ്പിനെ വരവേല്‍ക്കാന്‍ കഴിഞ്ഞ ദിവസം വിവിധ ടീമുകളുടെ ആരാധകര്‍ ചേര്‍ന്ന് വിളംബരറാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ പല ഭാഗത്തും ഗതാഗതക്കുരക്ക് അനുഭവപ്പെട്ടു. ഇതോടെ പൊലീസ് ഇടപെടുകയായിരുന്നു.
ആലുവയില്‍ റാലി നടത്തിയ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത വാഹന ഉടമകള്‍ക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകള്‍, ചെറിയ കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍ എന്നി വാഹനങ്ങളുടെ ഉടമകള്‍ക്കാണ് നോട്ടീസയക്കുന്നത്.