ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം
ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.
ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഉദ്ഘാടന മാമാങ്കത്തില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്റെ സാംസ്‌കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.അറബ് മേഖലയിലെ പ്രത്യേക നൃത്തങ്ങളും കനേഡിയന്‍ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ആകാശത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സമാപിച്ചത്.
ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്നു 29 ദിവസങ്ങളാണ് ഇനിയുള്ളത്. ഖത്തറിലെ മണല്‍പ്പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളില്‍ പന്തുരുളുമ്പോള്‍ ലോകം ഒന്നടങ്കം അത് നെഞ്ചിലേറ്റും.