തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ സി.ഐ. പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ സി.ഐയുമായ പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച രാവിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇത് വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സുനു പത്തുദിവസത്തേക്ക് അവധി അപേക്ഷ നല്‍കി. എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ സുനുവിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
തൃക്കാക്കരയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നാം പ്രതിയാണ് പി.ആര്‍. സുനു. പോലീസ് കോഴിക്കോട്ടെത്തി കസ്റ്റഡിയിലെടുത്ത സുനുവിനെ ചോദ്യം ചെയ്യലിനുശേഷം വിട്ടയക്കുകയായിരുന്നു. പത്തുപേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ചുപേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഒരാഴ്ച മുന്‍പാണ് സിഐ സുനുവിനെ തൃക്കാക്കരയില്‍ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാല്‍ നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സുനു ബേപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.
സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകള്‍ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായി. പത്ത് പേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയില്‍ പ്രതിചേര്‍ത്തത്. ഇതില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു.