ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാര്‍

Representational image.

കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ആണ് സംഭവം. ദളിത് വിഭാ?ഗത്തില്‍പെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന്, കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉന്നതജാതിക്കാര്‍. ചാമരാജ നഗറിലെ ഹെഗോത്തറ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ഗ്രാമത്തില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഹെഗറ്റോറയിലെത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേര്‍ന്നുള്ള പൈപ്പില്‍ നിന്ന് ഇവര്‍ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടര്‍ന്നാണ് ഉന്നത ജാതിയില്‍ പെട്ടവര്‍ വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്.

സംഭവം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് തഹസില്‍ദാറിന് നല്‍കും. വാട്ടര്‍ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതര്‍ ?ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാന്‍ ശ്രമിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. വാട്ടര്‍ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തഹസീല്‍ദാര്‍ ബസവരാജു പറഞ്ഞു.

സംഭവത്തെക്കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പിനെയും ജില്ലാ കമ്മീഷണറെയും അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാ ചുമതലയുള്ള മന്ത്രി വി സോമണ്ണ പറഞ്ഞു. സംഭവസ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സോമണ്ണ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സംഭവം ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും നമ്മള്‍ എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.