കൊച്ചിയില്‍ നാട്ടുകാര്‍ക്ക് ശല്യമായി വിദ്യാര്‍ത്ഥികളുടെ പ്രണയലീലകള്‍

വിദ്യാര്‍ത്ഥികളുടെ പ്രണയ ലീലകള്‍ അതിര് വിട്ടതോടെ ഇടപെട്ട് പോലീസ്. കൊച്ചി എച്ച്എംടിയിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ് നല്‍കി. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങള്‍ ബുദ്ധിമുട്ടാകുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസില്‍ പറയുന്നു.കൗമാരക്കാരും യുവതീയുവാക്കളും ഉച്ച കഴിഞ്ഞാല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു.

പോളി ടെക്‌നിക്കിന് സമീപം വയോധികര്‍ക്കായി റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. ഇവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കള്‍ താവളമാക്കാന്‍ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. എച്ച്എംടി ജംഗ്ഷന് പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയുമെന്നും ഇവരില്‍ പലരും യൂണിഫോമിലാണ് എന്നതിനാല്‍ തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു.