ചീത്തപ്പേരുകള്‍ക്ക് വിരാമം ; ലോകകപ്പ് 2022 ലൈവ് സ്ട്രീം പുതിയ ഫീച്ചറുമായി ജിയോ സിനിമ

ചീത്തപ്പേര് ഒഴിവാക്കി പുത്തന്‍ ഫീച്ചറുമായി ജിയോ സിനിമ. ജിയോ സിനിമയിലൂടെ ലോകകപ്പ് ഫുട്‌ബോള്‍ ലൈവായി കാണുന്ന ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസങ്ങള്‍ ചെറിയ നിരാശയുടേതായിരുന്നു. ലൈവ് സ്ട്രീമിങ്ങിനിടെ ബഫറിങ് പ്രശ്നങ്ങള്‍ ഉണ്ടായതാണ് കാരണം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഏറ്റവും പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ അപ്‌ഡേറ്റ് ബഫറിങ്ങ് പ്രശ്‌നം പരിഹരിക്കുമെന്നും ഓണ്‍ലൈന്‍ സ്ട്രീമിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷാ ഫീഡുകളില്‍ ജിയോസിനിമ ആപ്പ് തത്സമയ സ്ട്രീമിങ് ലഭ്യമാക്കുന്നുണ്ട്.

ഹൈപ്പ് മോഡ് എന്ന ഫീച്ചറോടെയാണ് പുതിയ അപ്‌ഡേറ്റ് ഇറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ജിയോസിനിമ വെബിലും പുതിയ അപ്ഡേറ്റ് ലഭ്യമാണ്. ലോകകപ്പ് മത്സരങ്ങള്‍ പല ആംഗിളുകളില്‍ നിന്നും കാണാനും ഹൈപ്പ് മോഡിലൂടെ സാധിക്കും. കൂടാതെ. ഇരു ടീമുകളെക്കുറിച്ചും മത്സരത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും അറിയാനാകും. തത്സമയ സ്ട്രീമിങ്ങിന്റെ സമയത്തു മാത്രമേ ഹൈപ്പ് മോഡ് ലഭ്യമാകൂ. ഫുള്‍ സ്‌ക്രീനില്‍ മാത്രമേ ഹൈപ്പ് മോഡ് ലഭിക്കുകയുള്ളൂ. ഫോണ്‍ ഫുള്‍ സ്‌ക്രീന്‍ ആക്കിയതിനു ശേഷം സ്‌ക്രീനിന്റെ മുകളില്‍ ഇടതുവശത്ത് ഹൈപ്പ് മോഡ് എന്നു കാണാം. നാല് ബട്ടണുകള്‍ ഉള്‍പ്പെടുന്നതാണ് ഹൈപ്പ് മോഡ്. മത്സരത്തെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍ക്കൊള്ളുന്നതാണ് ഇതില്‍ ആദ്യത്തേത്. പല ആംഗിളുകളില്‍ കാണാന്‍ സഹായിക്കുന്നതാണ് രണ്ടാമത്തെ ബട്ടണ്‍. മൂന്നാമത്തെ ബട്ടണ്‍ വഴി കളിയിലെ പ്രധാന ഹൈലറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മികച്ച ആംഗിള്‍ കാണിക്കുന്നതാണ്. സെറ്റിങ്ങ്‌സ് ക്രമീകരിക്കുന്നതിനാണ് നാലാമത്തെ ബട്ടണ്‍.