കാമുകന്‍ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു ; രണ്ടു പേരും ഗുരുതരാവസ്ഥയില്‍

കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയില്‍ പഠിച്ച ഇരുവരും സുവോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവണ്‍മെന്റ് ഫോറന്‍സിക് കോളജിലെ ബയോഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്യാബിനില്‍ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ഉള്ളില്‍ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു.

എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് ഇയാള്‍ യുവതിയോട് ചോദിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. തുടര്‍ന്ന് ഇരുവരെയും ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോള്‍ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.