ബ്രൂസിലിയുടെ മരണകാരണം അമിതമായി വെള്ളം കുടിച്ചതിനാലെന്ന് പഠനം

ലോകത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ബ്രൂസിലിയുടെ പെട്ടന്നുള്ള മരണം. ത്രസിപ്പുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ച ചൈനീസ് ആയോധനകലാ വിദഗ്ധനാണ് ബ്രൂസ് ലീ.ആക്ഷന്‍ സിനിമകള്‍ക്ക് പുതുമാനം നല്‍കിയ അദ്ദേഹം തന്റെ 32ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. ബ്രൂസ് ലീയുടെ മരണകാരത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചാരത്തിലുണ്ട്. ചൈനീസ് ഗുണ്ടകള്‍ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്‌ട്രോക്കാണെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.

എന്നാല്‍ താരത്തിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നാണ് പഠനത്തില്‍ പറയുന്നു. ‘ക്ലിനിക്കല്‍ കിഡ്‌നി ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 1973 ജൂലൈയിലാണ് ബ്രൂസ് ലീ മരിച്ചത്. തലച്ചോറിലെ നീര്‍വീക്കം (സെറിബ്രല്‍ എഡിമ) ബാധിച്ചാണ് ബ്രൂസ് ലീ മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അദ്ദേഹം ഉപയോഗിച്ച വേദനസംഹാരികളാണ് ഇതിനുകാരണമെന്നുമായിരുന്നു അനുമാനങ്ങള്‍. എന്നാല്‍ അമിതമായി വെള്ളം കുടിച്ചതിനാല്‍ വൃക്ക തകരാറിലായാണ് ബ്രൂസ് ലീ മരിച്ചതെന്ന് പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടികാട്ടുന്നു.

അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുകയും ഇത് ഹൈപ്പോനാട്രീമിയക്ക് കാരണമാവുകയും ചെയ്തു. വൃക്കയുടെ പ്രവര്‍ത്തന വൈകല്യം കാരണം കുടിക്കുന്ന വെള്ളത്തിനാനുപാതികമായി മൂത്രത്തിലൂടെ വെള്ളം പുറന്തള്ളാനും കഴിഞ്ഞിരുന്നില്ല. ഹൈപ്പോനാട്രീമിയയാണ് സെറിബ്രല്‍ എഡിമയിലേക്ക് നയിച്ചതെന്നും പഠനത്തിലുണ്ട്. ഡയറ്റിന്റെ ഭാഗമായി ദ്രാവക രൂപത്തിലുള്ള ഭഷണമായിരുന്നു ബ്രൂസ് ലീ കൂടുതല്‍ കഴിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിന്‍ഡ തന്നെ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ജീവചരിത്രമായ ‘ബ്രൂസ് ലീ: എ ലൈഫ്’ എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരന്‍ മാത്യു പോളിയും പറയുന്നുണ്ട്. 2018 ലാണീ പുസ്തകം പുറത്തിറങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതും ബ്രൂസ് ലീയുടെ ദാഹം വര്‍ധിക്കാന്‍ കാരണമായെന്നും ഗവേഷകര്‍ പറയുന്നു.