ഇന്നലെ സൗദി എങ്കില്‍ ഇന്ന് ജപ്പാന്‍ ; ജര്‍മ്മനിയെ മുട്ടുകുത്തിച്ചു ജപ്പാന്‍

ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല.ഇന്നലെ സൗദി എങ്കില്‍ ഇന്ന് ജപ്പാന്‍. നാലു തവണ കപ്പുയര്‍ത്തിയ ജര്‍മ്മനിയെ തകര്‍ത്തു ജപ്പാന്‍. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മനിയെ ജപ്പാന്‍ തകര്‍ത്തു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്. കളിയുടെ തുടക്കം മുതല്‍ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാല്‍ രണ്ടാം പകുതിയിലെ ജപ്പാന്റെ വിസ്മയ പ്രകടനം ഖത്തര്‍ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി.

പകരക്കാരായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അര്‍ജന്റീനയെ പോലെ ആദ്യം പെനാല്‍റ്റിയിലൂടെ ലീഡ് നേടിയത് ജര്‍മനി. ജര്‍മനിയുടെ ഗോള്‍ ആദ്യ പകുതിയുടെ 33-ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് ഇകായ് ഗുണ്ടോകന്‍ നേടി. 16ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ റൂഡിഗര്‍ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 20ാം മിനിറ്റില്‍ ഗുണ്ടോഗന്റെ ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയിട്ടു. 24ാം മിനിറ്റില്‍ ഹാവര്‍ട്‌സിനെ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി ജര്‍മനി വാദിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അനുവദിക്കപ്പെട്ടില്ല.