ലൈംഗികബന്ധത്തിനിടെ 67കാരന്‍ അപസ്മാരം ബാധിച്ച് മരിച്ചു ; മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു കടന്ന കാമുകിയും ഭര്‍ത്താവും പിടിയില്‍

ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാമുകിയും ബന്ധുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ബംഗളുരുവിലെ ജെ.പി നഗറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പുതിയ ട്വിസ്റ്റ്. നവംബര്‍ 17നാണ് വ്യാപാരിയായ 67കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിക്കുകയായിരുന്നുവെന്നും, അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാന്‍ കാമുകിയും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

67കാരനായ ബിസിനസുകാരന് 35 വയസ്സുള്ള വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടായിരുന്നു. നവംബര്‍ 16 ന്, ബിസിനസുകാരന്‍ വീട്ടമ്മയുടെ വീട്ടിലെത്തുകയും, ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ അതിനിടെ ഗുരുതരമായ അപസ്മാരബാധയെ തുടര്‍ന്ന് ബിസിനസുകാരന്‍ മരണപ്പെട്ടു. വിവരം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് യുവതി തന്റെ സഹോദരനെയും ഭര്‍ത്താവിനെയും സഹായത്തിനായി വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു. പൊലീസ് വ്യാപാരിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ്, സംഭവിച്ച കാര്യങ്ങള്‍ പുറത്തുവന്നത്. മരിച്ചയാള്‍ക്ക് അപസ്മാരം ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റില്‍ ആന്‍ജിയോഗ്രാമിന് വിധേയനായിരുന്നു, ”പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.