ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കമിതാക്കളെ മന്ത്രവാദി ഫെവിക്വിക്ക് പശ ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തി

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം കമിതാക്കളോട് ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ താന്ത്രികന്‍ പിടിയില്‍. താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. അധ്യാപകനായ രാഹുല്‍ മീണ (30), സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും മറ്റ് വിവാഹം കഴിച്ചശേഷം അവിഹിതമായ ബന്ധം തുടരുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

താമസിയാതെ, ഇരുവരും പ്രണയത്തിലായി, അത് കാരണം രാഹുല്‍ ഭാര്യയുമായി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഈ വിവരം സോനുവുമായി അടുപ്പമുണ്ടായിരുന്ന തന്ത്രി തന്നെയാണ് രാഹുലിന്റെ ഭാര്യയെ അറിയിച്ചത്. വൈകാതെ തന്ത്രി തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞതായി രാഹുല്‍ കണ്ടെത്തി. ഇതോടെ രാഹുലും സോനുവും ചേര്‍ന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി. തന്ത്രിക്കെതിരെ രാഹുല്‍ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയല്‍ ചെയ്യിച്ചു. വര്‍ഷങ്ങളായി കെട്ടിപ്പടുത്തിയ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, തന്ത്രി അവരോട് പ്രതികാരം ചെയ്യാന്‍ ഗൂഢാലോചന നടത്തി.

അതിനുശേഷം തന്ത്രി അന്‍പതോളം ഫെവിക്വിക്ക് ട്യൂബുകള്‍ വാങ്ങി വലിയ കുപ്പിയില്‍ ഒഴിച്ചുവെച്ചതായി പൊലീസ് പറഞ്ഞു. നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച് തന്റെ മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്. ഇരുവരും തന്ത്രി പറഞ്ഞതുപോലെ ചെയ്തപ്പോള്‍ ഭലേഷ് കുമാര്‍ ഫെവിക്വിക്ക് കുപ്പി അവരുടെ മേല്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്റെയും സോനുവിന്റെയും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ താന്ത്രികന്‍ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.

മരിച്ചവരുടെ ജാതിവ്യത്യാസവും കൊലപ്പെടുത്തിയ രീതിയും കണക്കിലെടുത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിച്ചു. എന്നാല്‍, തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ദമ്പതികളെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തതോടെയാണ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.