വരുന്നു ആളെക്കൊല്ലി റോബോട്ടുകള്‍

മനുഷ്യരെ കൊല്ലാനും റോബോട്ടുകള്‍ക്ക് അവകാശം നല്കാന്‍ തീരുമാനം. ആളുകളെ കൊല്ലുന്നതിനുള്ള അവകാശം റോബോട്ടുകള്‍ക്ക് നല്‍കാനായി നീക്കം നടത്തുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്. കുറ്റവാളികളെ കൊലപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള കരട് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് തയാറാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യത്തില്‍ കൊലപ്പെടുത്താനുള്ള അവകാശമാണ് റോബോട്ടുകള്‍ക്ക് നല്‍കാന്‍ പോകുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന് നിലവില്‍ 17 റോബോട്ടുകളാണുള്ളത്. കൊല്ലാനുള്ള അധികാരം റോബോട്ടുകള്‍ക്ക് നല്‍കുന്നതിനായി നവംബര്‍ 29ന് സൂക്ഷ്മ പരിശോധനയും വോട്ടിംഗും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സേനയുടെ ഭാഗമായ റോബോട്ടുകളെ നിലവില്‍ ബോംബുകള്‍ നിര്‍വീര്യമാക്കാനും മറ്റ് പരിശോധനകള്‍ക്കുമാണ് ഉപയോഗിച്ചുവരുന്നത്. ചില ഭീകര കുറ്റവാളികളുടെ കാര്യത്തില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോഴോ ഭീഷണി നേരിടുമ്പോഴോ റോബോട്ടുകളെ ഉപയോഗിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിലുള്ള റോബോട്ടുകളെ മോഡിഫൈ ചെയ്താകും കൊല്ലാനുള്ള അനുമതി നല്‍കുക. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് ഭീഷണിയാകും എന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.