അടുത്ത വര്‍ഷത്തെ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 9 മുതല്‍

ഈ അദ്ധ്യാന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കും. മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. എസ്.എസ്.എല്‍.സിയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകര്‍ ഈ ക്യാമ്പുകളില്‍ മൂല്യനിര്‍ണയത്തിനായി എത്തും.

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.