താന്‍ ഈ രാജ്യം വിടുകയാണ്…’! എന്ന് തിരുവനന്തപുരത്ത് ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍
രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ താന്‍ ഈ രാജ്യം വിടുകയാണ് എന്ന തീരുമാനത്തില്‍. ആക്രമണത്തില്‍ പരിക്കേറ്റു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ് ഡോക്ക്‌ട്ടെര്‍ ഇപ്പോള്‍. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ രോഗിയുടെ ഭര്‍ത്താവ് വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതി. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. വനിതാ ഡോക്ടറെ സന്ദര്‍ശിച്ചശേഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.
‘ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു. ഈ രാജ്യം വിടുകയാണ്…’! എന്ന വനിതാ ഡോക്ടറുടെ വാക്കുകളാണ് ഡോ. സുല്‍ഫി പങ്കുവച്ചിരിക്കുന്നത്. ചവിട്ടുകിട്ടിയ വനിതാ ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും. പ്രഭാത സവാരിയില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയില്‍ ഒരുമാസത്തിനുള്ളിലെ രണ്ടാമത്തെ വനിതാ ഡോക്ടര്‍ ആക്രമണമാണ്. കേരളം എങ്ങോട്ടാണെന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നു. ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വച്ചുപൊറിപ്പിക്കപ്പെടാന്‍ പാടില്ല. അപ്പോ ചികില്‍സാ പിഴവെന്ന് രോഗിക്കോ രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചുവരുന്നവരോട് നല്ല നമസ്‌കാരം. നാട്ടില്‍ നിയമമുണ്ട്, നിയമാനുസൃതമായ നടപടികളും. അടിവയര്‍ നോക്കി ചാടിച്ചവിട്ടിയാല്‍ ഇനി നോക്കി നില്‍ക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ലെന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
‘ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാവേണ്ട, ഡോക്ടര്‍ പണിയും വേണ്ട.
ഞാന്‍ രാജ്യം വിടുന്നു’!
കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടര്‍ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.
അടിവയര്‍ നോക്കി ഒത്ത ഒരാണൊരുത്തന്‍ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗി, ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷവും ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയില്‍ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോള്‍. അടിവയര്‍ നോക്കി ചാടി ഒരു ചവിട്ട്. സിസി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍, സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍, എന്തിന് ആശുപത്രി നിറയെ പറന്നുനടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍. അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷന്‍ കിട്ടാന്‍ എല്‍കെജി മുതല്‍ പഠനം, മൂന്നുകൊല്ലം സര്‍ജറി പഠനം.
അതിന് അഡ്മിഷന്‍ കിട്ടാനും വേണം കൊല്ലങ്ങള്‍. സൂപ്പര്‍ സ്പെഷ്യാലിറ്റി പഠനത്തില്‍ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളില്‍. പഠനം കഴിഞ്ഞിട്ട് കുട്ടികള്‍ മതിയെന്ന് തീരുമാനവും. ചവിട്ട് കിട്ടിയ വനിത ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും.
പ്രഭാത സവാരിയില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം കേരളം എങ്ങോട്ട് ? ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല. അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം. നാട്ടില്‍ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയര്‍ നോക്കി ചാടി ചവിട്ടിയാല്‍ ഇനി നോക്കി നില്‍ക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!