സൗദി അറേബ്യയില്‍ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ആണ് കഴിഞ്ഞ മാസം 138 പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 308 പേര്‍ക്കെതിരെയാണ് അതോറിറ്റി അന്വേഷണം നടത്തിയത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 138 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പ്രതിരോധ, ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പല്‍, ഗതാഗത, നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിക്കുന്ന കേസുകളെ കുറിച്ച് 980 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടോ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വെബ്സൈറ്റ് വഴിയോ സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരാതി ലഭിച്ചവരെ പറ്റി രഹസ്യമായി അന്വേഷിച്ച ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്.