രഹസ്യതുരങ്കം ഉണ്ടാക്കി ട്രെയിന്‍ എന്‍ജിന്‍ മുഴുവനായും അടിച്ചുമാറ്റിയ കള്ളന്മാര്‍ പിടിയില്‍
ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് ട്രെയിന്‍ എന്‍ജിന്‍ തന്നെ അടിച്ചു മാറ്റിയ കള്ളന്മാര്‍ ഉള്ളത്.അവിടെ റെയില്‍വേ യാര്‍ഡില്‍ നിന്ന് ആണ് എന്‍ജിന്‍ മോഷ്ടിക്കപ്പെട്ടത്. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേക്ക് രഹസ്യ തുരങ്കം ഉണ്ടാക്കിയാണ് മോഷ്ടാക്കള്‍ എഞ്ചിന്‍ തന്നെ അടിച്ചുമാറ്റിയത്. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്റെ വിവിധ ഭാഗങ്ങളായി മോഷ്ടിച്ച് തുരങ്കത്തിലൂടെ പൂര്‍ണമായും കടത്തുകയായിരുന്നു. വിവിധ ദിവസങ്ങളിലായാണ് തുരങ്കത്തിനുള്ളിലൂടെ എന്‍ജിന്റെ ഭാഗങ്ങള്‍ ഓരോന്നായി മോഷ്ടിച്ചു കൊണ്ടുപോയത്. എഞ്ചിന്‍ പൂര്‍ണമായും അപ്രത്യക്ഷമായപ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് സംഗതി പിടികിട്ടിയത്.
കഴിഞ്ഞയാഴ്ചയാണ് ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിന്‍ മോഷണം പോയതായി ബറൗനി പൊലീസില്‍ പരാതി ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മുസാഫര്‍പൂരിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ പിഎസ് ദുബെ പറഞ്ഞു. പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍പൂര്‍ ജില്ലയിലെ പ്രഭാത് നഗറിലുള്ള ആക്രിക്കടയില്‍നിന്നും 13 ചാക്ക് നിറയെ എഞ്ചിന്‍ ഭാഗങ്ങള്‍ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഞ്ചിന്‍ ഭാഗങ്ങള്‍, വിന്റേജ് ട്രെയിന്‍ എഞ്ചിനുകളുടെ ചക്രങ്ങള്‍, കട്ടിയുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച എന്‍ജിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
റെയില്‍വേ യാര്‍ഡിലേക്ക് തുരങ്കം കുഴിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ അതിവിദഗ്ദമായി എന്‍ജിന്റെ ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി കടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സ്റ്റീല്‍ പാലങ്ങളുടെ ബോള്‍ട്ട് അഴിച്ച് അവയുടെ ഭാഗങ്ങള്‍ മോഷ്ടിക്കുന്നതിലും ഈ സംഘത്തിന് പങ്കുണ്ട്.