ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്നു കുഴിച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
2018ല്‍ ക്വീന്‍സ്ലാന്‍ഡില്‍ വച്ച് ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം രാജ്യത്ത് നിന്ന് കടന്ന രാജ്വീന്ദര്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 38കാരനായ രാജ്വീന്ദര്‍ സിംഗ് ഓസ്ട്രേലിയയിലായിരുന്നു താമസം. അവിടെ വച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാള്‍ വീട്ടില്‍ നിന്നും ക്വീന്‍സ് ലാന്‍ഡിലെ ബീച്ചിലേക്കാണ് പോയത്. കുറച്ച് പഴങ്ങളും ഒരു കത്തിയും അയാളുടെ കൈവശമുണ്ടായിരുന്നു. ആ സമയത്താണ് ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന കൊല്ലപ്പെട്ട തോയ കോര്‍ഡിങ്ലി എന്ന വനിത, അതേ ബീച്ചില്‍ തന്റെ നായയുമായി നടക്കാനിറങ്ങിയത്.
ബീച്ചില്‍ നടക്കുന്നതിനിടെ യുവതിയുടെ നായ രാജ്വീന്ദര്‍ സിംഗിനെ നോക്കി കുരച്ചതോടെയാണ് സംഗതി വഷളായത്. ഇതില്‍ ദേഷ്യം തോന്നിയ രാജ്വീന്ദര്‍ യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിയെ കയ്യേറ്റം ചെയ്ത സിംഗ് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് തോയയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യുവതിയുടെ മൃതദേഹം ഇയാള്‍ മണലില്‍ കുഴിച്ചിട്ടു. സമീപത്ത് ഒരു മരത്തില്‍ നായയെ കെട്ടിയിടുകയും ചെയ്തു. ശേഷം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സിംഗ് ഇന്ത്യയിലേത്തി. യുവതിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെ രാജ്വീന്ദറാണ് കൊലപാതകം നടത്തിയത് എന്ന് തെളിഞ്ഞു. ഇന്റര്‍പോള്‍ ഇയാള്‍ക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. നവംബര്‍ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ടും ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചു.