കൊല്ലത്ത് വീട്ടില്‍ അരങ്ങേറിയ വിചിത്ര സംഭവങ്ങള്‍ക്ക് പിന്നില്‍ കൗമാരക്കാരന്റെ വിനോദം
കൊല്ലത്ത് വാട്സാപ്പില്‍ മെസേജ് വരുന്നതിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതിവിചിത്രമായ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇതിന് പിന്നിലെ രഹസ്യം പുറത്തായി. വീട്ടിലെ തന്നെ കൗമാരക്കാരന്റെ വിനോദമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീട് കാര്യമാകുകയായിരുന്നു.
സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങള്‍’ സംഭവിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരുടെ ഫോണുകള്‍ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടിയുടെ പ്രവൃത്തി. ‘ഇപ്പോള്‍ ഫാന്‍ ഓഫാകും, കറണ്ട് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണ് ഫാന്‍ ഓഫാക്കിയിരുന്നതും മറ്റും.
കഴിഞ്ഞ ഏഴ് മാസമായി രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറില്‍ നിന്ന് അവരറിയാതെ മകള്‍ സജിതയുടെ ഫോണിലേയ്ക്ക് വാട്സാപ്പില്‍ സന്ദേശം വരുന്നുണ്ട്. സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് ഉടന്‍ സംഭവിക്കും. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാന്‍ തുടങ്ങി. ഇലക്ട്രീഷ്യനായിട്ടുകൂടി തന്റെ വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കാന്‍ രാജന് സാധിച്ചിരുന്നില്ല. സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണില്‍ ആപ്പുകള്‍ കണ്ടെത്തിയത്. കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിനു പിന്നില്‍ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രശാന്ത് പറഞ്ഞു.