വിഴിഞ്ഞം തുറമുഖ സമര സംഘര്‍ഷം : ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

വിഴിഞ്ഞത്ത് തുറമുഖത്തിന് എതിരെ നടക്കുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. സഹായമെത്രാന്‍ അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സ്വമേധയാ എടുത്തതടക്കം ആകെ പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് എതിരേ ഒമ്പത് കേസും, ജനകീയ സമര സമിതിക്ക് എതിരേ ഒരു കേസുമാണ് എടുത്തത്. വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെതിരേയും കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തുറമുഖ വിരുദ്ധ സമര സമിതിക്കെതിരെ ആകെയുള്ള ഒന്‍പതു കേസുകളില്‍ മൂന്ന് കേസുകളിലാണ് ബിഷപ് നെറ്റോ ഒന്നാം പ്രതിയായത്.വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാതുറ മുതലപ്പൊഴിയില്‍ പോലീസ് സുരക്ഷ വീണ്ടും ഏര്‍പ്പെടുത്തി. പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാര്‍ഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പില്‍ നിന്നുമെത്തിയ സ്‌പെഷ്യല്‍ സ്‌ട്രൈക്കേഴ്‌സ് ബറ്റാലിയനാണ് ക്യാമ്പ് ചെയ്യുന്നത്.

അതേസമയം വിഴിഞ്ഞത്ത് സമരത്തിന്റെ പേരില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മന്ത്രി ആന്റണി രാജു. സര്‍ക്കാരും പൊലീസും ആത്മസംയമനം പാലിക്കുകയാണ്. ആത്മസംയമനം ദൗര്‍ഭല്യമായി കാണരുത്. സമാധാനം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആര്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.