വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു ; എണ്‍പതിലേറെ പൊലീസുകാര്‍ക്ക് പരിക്ക് ; വാഹനങ്ങളും തകര്‍ത്തു
വിഴിഞ്ഞത്തു സമരത്തിന്റെ പേരില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ സ്റ്റേഷന്‍ കെട്ടിടവും പൊലീസ് വാഹനങ്ങളും അടിച്ചുതകര്‍ത്തു. എണ്‍പതിലേറെ പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷമാവസ്ഥ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും കൈയ്യേറ്റം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് ആളുകള്‍ എത്തുന്നുണ്ട്.
അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ തന്നെ തുടരുകയാണ്. സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നു. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സഹായമെത്രാന്‍ അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം സമരം തുടങ്ങിയപ്പോള്‍ മുതല്‍ പോലീസ് നോക്കുകുത്തി ആയി നിന്നതിന്റെ അനന്തരഫലങ്ങള്‍ ആണ് ഇപ്പോള്‍ കാണുന്നത്. സമര സമതി നേതാക്കളുടെ പേരില്‍ കോടികളുടെ അഴിമതി വിവരങ്ങള്‍ പുറത്തു വന്നിട്ട് പോലും അതിനെതിരെ സംസ്ഥാന ആഭ്യന്തരം മൗനം തുടരുകയായിരുന്നു.