വിഴിഞ്ഞം തുറമുഖ നിര്‍മാണം ; കേന്ദ്രസേന ആവശ്യപ്പെട്ട് അദാനി
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. അക്രമം തടയാന്‍ കേരളാ പൊലീസിന് സാധിക്കുന്നില്ല. വലിയ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നു. സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്.സര്‍ക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പൊലീസ് നിഷ്‌ക്രിയമാണ്. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്.
വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയില്‍ വിശദീകരിച്ചു.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മൂവായിരം പ്രക്ഷോഭകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസുകാര്‍ക്ക് പരുക്കേറ്റു,എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.