പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്

മകളെ പീഢിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് 107 വര്‍ഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത് എന്ന് പറയപ്പെടുന്നു. സ്‌കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പോക്‌സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.