വിഴിഞ്ഞത്തു അക്രമത്തിനു കാരണം പോലീസ് അനാസ്ഥയും സര്‍ക്കാരിന്റെ മെല്ലെപ്പോക്കും
കേരളാ പൊലീസിന് തന്നെ നാണക്കേട് ആയ സംഭവം ആണ് ഇന്നലെ വിഴിഞ്ഞത്തു അരങ്ങേറിയത്. പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്ത ജനക്കൂട്ടം പോലീസ് വാഹനങ്ങളും തല്ലി തകര്‍ത്തു. ഏകദേശം 85 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് വിഴിഞ്ഞത്തു ഉണ്ടായത്. എന്നാല്‍ ഇതിനൊക്കെ കാരണമായത് പോലീസിന്റെ അനാസ്ഥ തന്നെയാണ് എന്നതാണ് സത്യം. സമരത്തിനെ നിസാരവല്‍ക്കരിച്ച പോലീസും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും സമരക്കാരെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ആണ് ഇതുവരെ കൈക്കൊണ്ടത്. ഇപ്പോള്‍ എടുത്തു പിടിച്ചു നടപടികള്‍ എടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ നൂറിലേറെ ദിവസം ഉറക്കമായിരുന്നു എന്ന വ്യക്തം.
പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂവായിരം പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ് ഇപ്പോള്‍.
സംഭവത്തില്‍ ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന്റെ നിഗമനം.വാഹനങ്ങള്‍ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷന്‍ വസ്തുക്കള്‍ തകര്‍ത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്. സമരക്കാര്‍ കൈവശം കരുതിയിരുന്ന മരക്കഷണം , കമ്പിവടി, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഏഴോളം വാഹനങ്ങള്‍, സ്റ്റേഷന്റെ റിസപ്ഷന്‍ ഏരിയ, പരിസരത്തെ പൂച്ചട്ടികളും അക്രമികള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ ഷാഡോ പൊലീസ് പിടികൂടിയ 5 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതില്‍ കസ്റ്റഡിയില്‍ എടുത്ത നാല് പേരെ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലായ ഷെല്‍ട്ടണ്‍ റിമാന്‍ഡിലാണ് .ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് എഡിജിപി അറിയിച്ചു.. സ്ഥലത്ത് ക്രമ സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ഉച്ചയ്ക്ക് ശേഷം നടക്കും.
എന്നാല്‍ : വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വിശദീകരിച്ചു. വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഷന്‍ ആക്രമിച്ചതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകും. 35 ലേറെ പൊലീസുകാര്‍ക്കാണ് സ്റ്റേഷനാക്രമണത്തില്‍ പരിക്കേറ്റത്. ക്രമസമാധാനം പുലര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നത്. നിലവില്‍ അഞ്ഞൂറിലേറെ പൊലീസുകാരെ വിഴിഞ്ഞം തുറമുഖ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നും കോംപ്രമൈസ് ഒന്നുമുണ്ടായിട്ടില്ലെന്നും കമ്മീഷണര്‍ വിശദീകരിച്ചു. 307 വകുപ്പ് അനുസരിച്ച് കൊലപാതക ശ്രമത്തിനാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആ കേസിലെ പ്രതിയെയാണ് റിമാന്റ് ചെയ്തത്. രണ്ടാമത്തെ കേസെടുത്തത് സമരം നടത്തുന്നവര്‍ക്കെതിരെയാണ്. അവര്‍ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. അതുകൊണ്ടാണവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതില്‍ കോംപ്രമൈസുകള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് വിശദീകരിച്ച കമ്മീഷണര്‍ പൊലീസിനെതിരായ ലത്തീന്‍ സഭയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും അറിയിച്ചു.