മകന്റെ സഹായത്തോടെ രണ്ടാം ഭര്‍ത്താവിനെ കൊന്നു കഷണളാക്കി ഫ്രിഡ്ജില്‍ വെച്ച ഭാര്യ അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു അരുംകൊല. മകന്റെ സഹായത്തോടെ രണ്ടാമത്തെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പൂനം എന്ന സ്ത്രീയെയും മകനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധ വാല്‍ക്കര്‍ വധത്തിനു സമാനമായി, മൃതദേഹം പത്തു കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പ്രതികള്‍ ചെയ്തത്. അഞ്ചന്‍ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ആറു മാസത്തിനു ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അതിനു കാരണമായത് ശ്രദ്ധ വാല്‍ക്കര്‍ വധവും. ഭര്‍ത്താവ് അഞ്ജന്‍ ദാസ് തന്റെ ആഭരണങ്ങള്‍ വിറ്റു കിട്ടിയ പണം ബീഹാറില്‍ താമസിക്കുന്ന ആദ്യ ഭാര്യക്കും കുട്ടികള്‍ക്കും അയച്ചെന്ന് അറിഞ്ഞതാണു കൊലപാതകം നടത്താന്‍ കാരണമായത്.

തുടര്‍ന്ന് പൂനത്തിന് ആദ്യ വിവാഹത്തിലുണ്ടായ മകന്‍ ദീപക്കുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി. പൂനത്തിന്റെ മുന്‍ ഭര്‍ത്താവ് 2017 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ദാസ് പൂനത്തിനെ ശല്യപ്പെടുത്തിയതിനാലാണ് കൊല്ലാനുള്ള പദ്ധതിക്ക് കൂട്ടു നിന്നതെന്ന് ദീപക് പോലീസിനോട് പറഞ്ഞു. ജൂണിലാണ് തങ്ങള്‍ അഞ്ചന്‍ ദാസിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ദാസിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. രക്തം പൂര്‍ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം മുഴുവന്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പല കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഇതുവരെ മൃതദേഹത്തിന്റെ ആറ് കഷണങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു എന്ന രീതിയില്‍ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പോയി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ജൂണില്‍ പാണ്ഡവ് നഗറിന് സമീപത്ത് നിന്നാണ് പോലീസിന് ആദ്യം അഞ്ചന്‍ ദാസിന്റെ ശരീര ഭാ?ഗങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൃതദേഹത്തിന്റെ കഷ്ണങ്ങള്‍ ജീര്‍ണിച്ചതിനാല്‍ അന്വേഷണം പുരോഗമിച്ചില്ല. ഈ മാസം ആദ്യം ശ്രദ്ധ വാക്കര്‍ വധക്കേസ് പുറത്തു വന്നപ്പോള്‍ ഈ അജ്ഞാത ശരീരഭാഗങ്ങള്‍ ശ്രദ്ധയുടേതാണോ എന്നും അന്വേഷിച്ചിരുന്നു. എന്നാല്‍ ഇവ ഒരു പുരുഷന്റേതാണെന്ന് പിന്നീട് കണ്ടെത്തി. ഇതാണ് കേസില്‍ വഴിത്തിരിവായത്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പൂനവും മകനും പല രാത്രികളിലും ഈ പ്രദേശം സന്ദര്‍ശിച്ചതായി ദൃശ്യങ്ങളില്‍ നിന്നും അന്വേഷണസംഘം മനസിലാക്കി. കൂടുതല്‍ വിശദമായി അന്വേഷിച്ചപ്പോള്‍, പ്രദേശവാസിയായ അഞ്ജന്‍ ദാസിനെ കാണാതായിട്ട് ആറ് മാസത്തോളമായി എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ പൂനത്തെയും ദീപക്കിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.