പ്രവര്‍ത്തി ദിനം ആഴ്ചയില്‍ നാല് ദിവസമാക്കി ബ്രിട്ടനിലെ കമ്പനികള്‍ ; ശമ്പളം കുറവില്ല
ആഴ്ചയില്‍ ഏഴു ദിവസവും ജോലിക്കാര്‍ പണിക്ക് വരണം എന്ന ആഗ്രഹമാണ് നമ്മുടെ നാട്ടിലെ മിക്ക തൊഴില്‍ ഉടമകള്‍ക്കും. ജോലിക്കാരെക്കൊണ്ട് മാക്‌സിമം പണി എടുപ്പിക്കുക്ക എന്നത് ഇവരുടെ ഒരു വിനോദമാണ്. എന്നാല്‍ എത്ര പണി എടുത്താലും ശമ്പളം കൊടുക്കുവാന്‍ ഇവര്‍ക്ക് മടിയും ഉണ്ട്. എന്നാല്‍ ഇതിനൊക്കെ അപവാദമാവുകയാണ് ബ്രിട്ടന്‍. അവിടെ നൂറ് കമ്പനികള്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാല് ദിവസമാക്കി. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലെ. എന്നാല്‍ സത്യമാണ്. അവിടെ എല്ലാ ജീവനക്കാരും ഇനി ആഴ്ചയില്‍ നാല് ദിവസംമാത്രം ജോലിക്കെത്തിയാല്‍ മതി. എന്നാല്‍ ഇത് ശമ്പളത്തെ ബാധിക്കുകയുമില്ല.
100 കമ്പനികളിലുമായി 2600-ഓളം ജീവനക്കാരാണുള്ളത്. ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാന്‍ ലക്ഷ്യമിടുകയാണ്. ആഴ്ചയില്‍ അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. നേരത്തെ പ്രവൃത്തി ദിവസം നാലായി കുറച്ച സ്ഥാപനങ്ങളില്‍ മികച്ച ജീവനക്കാര്‍ ഉണ്ടായെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളില്‍ ആറ്റം ബാങ്ക്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് എന്നീ കമ്പനികളും ഉള്‍പ്പെടുന്നു.
യു.കെയില്‍ രണ്ട് കമ്പനികളിലുമായി ഏകദേശം 450-ഓളം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നുണ്ട് . ടെക്നോളജി, മാര്‍ക്കറ്റിങ്, ഇവന്റ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്. എന്നാല്‍ കെട്ടിടനിര്‍മാണം, ഉത്പന്ന നിര്‍മാണം തുടങ്ങിയ മേഖലയിലെ കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ മാറിയ കമ്പനികളില്‍ ഉത്പാദനക്ഷമത 95 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും പറയുന്നു.