കാശ്മീര്‍ ഫയല്‍സ് അശ്ലീലം നിറഞ്ഞ സിനിമ എന്ന് ജൂറി ചെയര്‍മാന്‍
ബോളിവുഡ് ചിത്രമായ ‘ദി കശ്മീര്‍ ഫയല്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ്. കശ്മീര്‍ ഫയല്‍സ് ഒരു ‘വള്‍ഗര്‍ പ്രോപ്പഗാണ്ട’ ചിത്രമായി തോന്നിയെന്നും ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ സിനിമ മല്‍സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. നാദവിന്റെ പരസ്യപ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ”മല്‍സര വിഭാഗത്തില്‍ 15-ാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങള്‍ക്ക് തോന്നി.
ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാന്‍ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമര്‍ശനാത്മക ചര്‍ച്ചകള്‍ നിങ്ങള്‍ സ്വീകരിക്കണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമര്‍ശം. എന്നാല്‍ നാദവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി രംഗത്ത് വന്നു. ലാപിഡ് തന്റെ പദവി ദുരുപയോഗം ചെയ്തതായും ആദരിച്ചവരെ അപമാനിച്ചതായും ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി നേര്‍ ഗിലോണ്‍ പറഞ്ഞു. ”കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച നാദവ് ലാപിഡിനുള്ള ഒരു തുറന്ന കത്താണിത്. ഇത് ഹീബ്രു ഭാഷയില്‍ അല്ല. കാരണം നമ്മുടെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാര്‍ക്കു കൂടി ഈ കത്തിലെ ഉള്ളടക്കം മനസിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് വലിയൊരു കുറിപ്പാണ്. അതിനാല്‍ ആദ്യം അതിന്റ രത്‌നച്ചുരുക്കം പറയാം – പറഞ്ഞതോര്‍ത്ത് താങ്കള്‍ ലജ്ജിക്കണം”, നേര്‍ ഗിലോണ്‍ ആമുഖമായി കുറിച്ചു.
”ഇന്ത്യന്‍ സംസ്‌കാരം അതിഥികളെ ദൈവത്തെ പോലെയാണ് കണക്കാക്കുന്നത്. ചലച്ചിത്രോല്‍സവത്തിന്റെ ജൂറി പാനലിന്റെ അധ്യക്ഷനായുള്ള ക്ഷണവും അവര്‍ നിങ്ങള്‍ക്കു നല്‍കിയ വിശ്വാസവും ആദരവും ആതിഥ്യമര്യാദയുമെല്ലാം നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്തു. ഫൗദയോടുള്ള (ഇസ്രയേലി വെബ് സീരിസ്) ഇഷ്ടം വ്യക്തമാക്കാന്‍ ലിയോ റാസിനെയും ഇസാഖ് അറൂഫിനെയും (ഫൗദയുടെ സൃഷ്ടാക്കള്‍) അവര്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഒരു ഇസ്രായേലി എന്ന നിലയില്‍ നിങ്ങളെയും ഇസ്രായേല്‍ സ്ഥാനപതിയായ എന്നെയും അവര്‍ മേളയിലേക്ക് ക്ഷണിച്ചതിന്റെ കാരണങ്ങളിലൊന്ന് ഫൗദയോടുള്ള സ്‌നേഹം കൂടി ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയോ ചിത്രത്തിലെ അഭിനേതാക്കളോ അണിയറ പ്രവര്‍ത്തകരോ നാദവ് ലാപിഡിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തനിക്ക് കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ സിനിമ കണ്ടുവെന്നും നദവ് ലാപിഡിന്റേതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും അക്കാര്യം ലാപിഡിനെ അറിയിച്ചെന്നും കോബി ശോഷാനി ട്വീറ്റ് ചെയ്തു. എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞയാഴ്ച ചലച്ചിത്രമേളയുടെ ഭാഗമായി കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ പണം വാരി സിനിമകളില്‍ ഒന്നായിരുന്നു കശ്മീര്‍ ഫയല്‍സ്.