വിഴിഞ്ഞം നിലപാട് കടുപ്പിച്ച് സര്‍ക്കാരും സമരസമിതിയും ; എല്ലാ കണ്ണുകളും കോടതിയിലേക്ക്

വിഴിഞ്ഞം വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാരും സമരസമിതിയും. ഒരിഞ്ചും പിന്നോട്ടില്ലെന്ന് രണ്ടുകൂട്ടരും വ്യക്തമാക്കി. രാജ്യസ്‌നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തില്‍ മന്ത്രി വി. അബ്ദു റഹ്മാന്‍ പറഞ്ഞു. അടുത്ത സെപ്തംബറില്‍ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം ഇപ്പോള്‍ ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയര്‍ത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി.
വന്‍സംഘര്‍ഷത്തിന് ശേഷവും സര്‍ക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്കില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഓഖി ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികദിനമായ ഇന്ന് സര്‍ക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീന്‍സഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാ സര്‍ക്കാര്‍ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിക്കും കേസിന്റെയും മുന്നില്‍ മുട്ടുമടക്കില്ലെന്ന് പറഞ്ഞാണ് തുറമുഖ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാനുള്ള തീരുമാനമെന്നും സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡിഷ്യസ് ഡിക്രൂസ്. അതേസമയം ഗുരുതര ആരോപണങ്ങള്‍ വരെ ഉയര്‍ത്തിയാണ് സമരക്കാരെ മന്ത്രിമാര്‍ കൂട്ടത്തോടെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. രാജ്യത്തിന്റെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ അജണ്ടയുണ്ടെന്നും തുറമുഖത്തില്‍ പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും സര്‍ക്കാറിനും സമരസമിതിക്കും മേല്‍ സമ്മര്‍ദ്ദങ്ങളുമുണ്ട്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി വീണ്ടും നിര്‍മ്മാണ സാമഗ്രികള്‍ ഉടന്‍ വിഴിഞ്ഞത്തെത്തിക്കാന്‍ സര്‍ക്കാറിന് നീക്കമില്ല. സംഘര്‍ഷമടക്കം കണക്കിലെടുത്ത് ഹൈക്കോടതിയില്‍ നിന്നും സമരക്കാര്‍ക്കെതിര കര്‍ശന നടപടിവരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സ്റ്റേഷന്‍ ആക്രമണം വഴി സമരത്തെ അനുകൂലിക്കുന്ന വിഭാഗങ്ങള്‍ പോലും എതിരായി വരുന്നോ എന്ന സംശയം ലത്തീന്‍ സഭക്കമുണ്ട്. അതിനിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള ADGP നിര്‍ദ്ദേശം നല്‍കി.അവധിയിലുള്ളവര്‍ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം . മുഴുവന്‍ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം.: DIG മാരും IGമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു