11 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവച്ചല്‍ തിരോധനക്കേസില്‍ വഴിത്തിരിവ് ; കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍

പൂവച്ചല്‍ തിരോധാന കേസില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും അവരുടെ ഒന്നരവയസ്സുകാരിയായ മകളെയും കാണാതായത്. ഭര്‍ത്താവ് മാഹീന്‍ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മാഹീന്‍ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്‌നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലില്‍ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോണ്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കാമുകനായിരുന്ന മാഹിന്‍ കണ്ണ് ആണ് ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയെയടും കൊലപ്പെടുത്തിയത്. ഇക്കാര്യം പൊലീസ് ചോദ്യം ചെയ്യലില്‍ മാഹീന്‍ കണ്ണ് തന്നെ പൊലീസിനോട് തുറന്നുപറഞ്ഞു. കടലില്‍ തള്ളിയിട്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് മാഹീന്‍ കണ്ണ് വെളിപ്പെടുത്തിയത്. 2011 ആഗസ്ത് 18 ന് വൈകീട്ടാണ് വിദ്യയെയും രണ്ടര വയസ്സുകാരിയായ മകള്‍ ഗൗരിയെയും അവസാനമായി നാട്ടുകാര്‍ കണ്ടത്. അന്ന് വൈകിട്ട് ഇരുവരെയും കൊണ്ട് മാഹിന്‍കണ്ണ് ബൈക്കോടിച്ചു പോകുകയായിരന്നു. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. വര്‍ഷങ്ങള്‍ നീണ്ട തിരോധാനം കൊലപാതമായിരുന്നു എന്ന് തെളിയുമ്പോള്‍ പൊലീസിന്റെ ഗുരതര വീഴ്ച കൂടിയാണ് വെളിച്ചത്തുവരുന്നത്.

പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായി വിദ്യ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിദ്യ മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടെങ്കിലും മാഹിന്‍കണ്ണ് തയ്യാറിയില്ല. പലപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു. വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിന്‍കണ്ണ് തിരിച്ചെത്തി. ആ സമയത്താണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തര്‍ക്കമായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് വ്യക്തമാകുന്നത്.