ജോലി പോയി , ബിറ്റ്കോയിന്‍ കച്ചവടം നടത്തി അതും പൊളിഞ്ഞു , രണ്ടു വയസുള്ള മകളെ അച്ഛന്‍ കൊന്നു പുഴയില്‍ എറിഞ്ഞു
രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗുജറാത്ത് സ്വദേശി ബാഗ്ലൂരില്‍ അറസ്റ്റില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറ്റു പ്രശ്നങ്ങളും കാരണം മകളെ പോറ്റാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് കൊലപാതകം നടത്തിയത് എന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ബാംഗ്ലൂരില്‍ ടെക്കി ആയി ജോലി ചെയ്തു വന്നിരുന്ന 45 -കാരനാണ് ഈ കടംകൈ ചെയ്തത്. ആറു മാസമായി ജോലിയില്ലാതെ നടക്കുന്ന ഇയാള്‍ക്ക് ബിറ്റ്കോയിന്‍ ഇടപാടില്‍ ലക്ഷങ്ങള്‍ നഷ്ടം വന്നതായി പറയുന്നു. ഇതോടൊപ്പം സ്വന്തം വീട്ടില്‍നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു വിറ്റുവെന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രിയാണ് കോലാര്‍ താലൂക്കിലെ തടാകത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിനു സമീപത്ത് തന്നെ നീല നിറത്തിലുള്ള ഒരു കാറും നിര്‍ത്തിയിട്ടിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയ നാട്ടുകാരാണ് കോലാര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം തടാകത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം കുട്ടിയുടെ അച്ഛനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പര്‍മറാണ് അറസ്റ്റിലായത്. ഗുജറാത്ത് സ്വദേശിയായ ഇയാള്‍ രണ്ടുവര്‍ഷം മുമ്പാണ് ഭാര്യ ഭവ്യക്കൊപ്പം ബാംഗ്ലൂരിലെത്തിയതും ഇവിടെ താമസമാക്കിയതും. നവംബര്‍ 15 മുതല്‍ കുഞ്ഞിനോടൊപ്പം ഇയാളെ കാണ്മാനില്ലായിരുന്നു. ഇയാളുടെ ഭാര്യ ഇക്കാര്യത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ ടെക്കി ആയി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ആറുമാസം മുമ്പാണ് ജോലി നഷ്ടപ്പെട്ടത്. അതിനാല്‍, ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൂടാതെ ബിറ്റ് കോയിന്‍ ബിസിനസില്‍ ഇയാള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സ്വന്തം വീട്ടിലെ ആഭരണങ്ങള്‍ മുഴുവന്‍ മോഷണം പോയി എന്നൊരു പരാതി ഇയാള്‍ പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ ആഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയും ഇയാളോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. അതിനിടെയാണ് ഇയാളെ കുഞ്ഞിനൊപ്പം കാണാതായത്.