ബംഗളുരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ; സഹായം ചെയ്തു കൊടുത്ത ഒരു യുവതി പിടിയില്‍

ബെംഗളുരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരു യുവതിയെ കൂടി പൊലീസ് പിടികൂടി. നേരത്തെ അറസ്റ്റിലായിരുന്ന 2 പ്രതികളില്‍ ഒരാളുടെ സുഹൃത്തായ യുവതിയാണ് പൊലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടില്‍ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് യുവതിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത പെണ്‍കുട്ടിയെ ഇവര്‍ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വഴിയരികില്‍ ഇറക്കി വിടുകയായിരുന്നു. എന്നാല്‍ ഇവരുടെ ഭീഷണി പെണ്‍കുട്ടി വകവെച്ചില്ല. ആ പെണ്‍കുട്ടി ഇലക്ട്രോണിക്ക് സിറ്റി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ബൈക്ക് ടാക്‌സി ബുക്ക് ചെയത വിവരങ്ങള്‍ പരിശോധിച്ച പൊലീസ് നീലാദ്രി നഗര്‍ സ്വദേശികളായ അറാഫത്ത് , ഷഹാബുദ്ദീന്‍ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് അറാഫത്തിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത് എന്ന് വ്യക്തമായത്. ഇതോടെയാണ് ഈ യുവതിയേയും പൊലീസ് പിടികൂടിയത്.