കാത്തിരിപ്പിന് വിരാമം ; റിംപോച്ചയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയതായി ബുദ്ധ സന്യാസിമാര്‍
യോദ്ധ എന്ന മലയാള സിനിമയിലൂടെ നാം അറിഞ്ഞ ഒരു യഥാര്‍ത്ഥ കഥാപാത്രമാണ് റിംപോച്ചെ.
ബുദ്ധമത വിഭാഗങ്ങളിലെ ഏറ്റവും പഴക്കമുള്ള ഒന്നായ ന്യിംഗ്മയിലെ തലവനാണ് റിംപോച്ചെ. റിംപോച്ചെ മരണ ശേഷം വീണ്ടും പുനര്‍ജനിക്കും എന്നാണ് അവരുടെ വിശ്വാസം. അത്തരത്തില്‍ ഇപ്പോള്‍ റിംപോച്ചെയുടെ പുനര്‍ജന്മമായ കുട്ടിയെ കണ്ടെത്തിയതായി ബുദ്ധ സന്യാസിമാര്‍ പറയുന്നു. 2015 ഡിസംബര്‍ 24 ന് ഗയയില്‍ വച്ച് അന്തരിച്ച ന്യിംഗ്മ വിഭാഗത്തിന്റെ തലവന്റെ പുനര്‍ജന്മമെന്ന് സന്യാസിമാര്‍ വിശേഷിപ്പിക്കുന്ന കുരുന്നിനെയാണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മരണശേഷം 89കാരനായ റിംപോച്ചെയുടെ മൃതദേഹം അദ്ദേഹം 1984ല്‍ സ്ഥാപിച്ച ഡോര്‍ജി ഡാക്ക് ആശ്രമത്തില്‍ സൂക്ഷിച്ചിരുന്നു. പത്ത് മാസങ്ങള്‍ക്ക് ശേഷം ബുദ്ധമതാചാര പ്രകാരം മൃതദേഹം സംസ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ റിംപോച്ചെയുടെ പുനര്‍ജന്മത്തെ തേടിയുള്ള കാത്തിരിപ്പിനാണ് അന്ത്യമാകുന്നതെന്നാണ് സന്യാസിമാര്‍ വിശദമാക്കുന്നത്.
സ്പിതി താഴ്വരയിലെ വിദൂര ഗ്രാമമായ റാങ്ഗ്രിക്കില്‍ നിന്നുള്ള നവാങ് താഷി റാപ്ടെനാണ് റിംപോച്ചെയുടെ പുനര്‍ ജന്മമെന്നാണ് സന്യാസിമാര്‍ വിശദമാക്കുന്നത്. ലഹൗളിലെയും സ്പിതിയിലെയും ബുദ്ധമത പഠന കേന്ദ്രമായ ടാബോയ്ക്ക് സമീപമാണ് ഈ ഗ്രാമമുള്ളത്. തിബറ്റന്‍ ബുദ്ധമതാചാരപ്രകാരം ആചാര്യ പദവിയിലുള്ള സന്യാസി തുള്‍ക്കുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ പുനര്‍ജനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുള്‍ക്കുമാരെ ബുദ്ധനായും പൂര്‍ണതയുള്ള സന്യാസിയുമായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ സകല ജീവജാലങ്ങളുടേയും നന്മയ്ക്കായി ഇവര്‍ വീണ്ടും വീണ്ടും പുനര്‍ജനിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തിലെ പുനര്‍ജാത തുള്‍ക്കുമാരെ കണ്ടെത്തി അവരെ സ്ഥാനാരോഹണം ചെയ്യുന്ന പതിവ് തിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഇന്നും തുടരുകയാണ്.
പ്രബുദ്ധരായ ലാമകളായാണ് ഇവരെ വിശേഷിപ്പിക്കുന്നത്. നിലവില്‍ പുനര്‍ജന്മമായി കണ്ടെത്തിയ ബാലന് നാല് വയസാണ് പ്രായം. 2018 ഏപ്രില്‍ 18നാണ് വാങ് താഷി റാപ്ടെന്‍ ജനിക്കുന്നത്. ഭൂട്ടാനിലെ ലോദാര്‍ക്ക് ഖര്‍ച്ചുവിലെ ആശ്രമത്തില്‍ നവജാത ലാമയുടെ ഔപചാരിക മത വിദ്യാഭ്യാസം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഒരു വര്‍ഷം മുന്‍പാണ് വാങ് താഷി റാപ്ടെനെ പുനര്‍ജാത ലാമയായി തെരഞ്ഞെടുത്തതെന്ന് കുടുംബത്തെ അറിയിക്കുന്നത്. അമ്മയെന്ന നിലയില്‍ കുഞ്ഞിനെ വേര്‍പിരിയുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ വിശ്വാസിയെന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് വാങ് താഷി റാപ്ടെന്റെ മാതാവ് കെല്‍സാംഗ് ഡോല്‍മ പറയുന്നത്.