പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കുമെന്നു റിപ്പോര്‍ട്ട്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ തന്നെ കുറയും. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതാണ് ഇപ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ (ബ്രന്റ് ) വില താഴ്ന്ന നിലയിലാണ്. ഇത് ഇപ്പോള്‍ 81 ഡോളറായി കുറഞ്ഞിരിയ്ക്കുകയാണ്. യുഎസ് ക്രൂഡ് ബാരലിന് 74 ഡോളറിനടുത്താണ്. അതിനാല്‍ ഈ നേട്ടം ഇനി സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കും എന്നാണ് സൂചന.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് മധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിനു ശേഷം രാജ്യത്ത് ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. അതായത്, മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയുക. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഗണ്യമായ ഇടിവ് ഇന്ത്യന്‍ റിഫൈനറികളുടെ ശരാശരി ക്രൂഡ് ഓയില്‍ വില (ഇന്ത്യന്‍ ബാസ്‌കറ്റ്) ബാരലിന് 82 ഡോളറായി താഴ്ത്തി. മാര്‍ച്ചില്‍ ഇത് 112.8 ഡോളറായിരുന്നു. ഇത് പ്രകാരം 8 മാസത്തിനുള്ളില്‍ റിഫൈനിംഗ് കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ വിലയില്‍ 31 ഡോളര്‍ (27%) കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ എണ്ണക്കമ്പനികള്‍ ക്രൂഡ് ഓയില്‍ ഓരോ ഡോളറിന്റെ ഇടിവിലും ശുദ്ധീകരിക്കുമ്പോള്‍ ലിറ്ററിന് 45 പൈസയാണ് ലാഭിക്കുന്നത്. ഇതനുസരിച്ച് പെട്രോള്‍-ഡീസല്‍ വിലയില്‍ ലിറ്ററിന് 14 രൂപയായിരിക്കും കുറവ് വരിക. എന്നിരുന്നാലും, വിദഗ്ധരുടെ അഭിപ്രായത്തില്‍, മുഴുവന്‍ കുറവും ഒറ്റയടിക്ക് ലഭിക്കില്ല, ക്രമേണ ഇന്ധന വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം.