ലോകകപ്പ് സ്റ്റേഡിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അഞ്ഞൂറോളം തൊഴിലാളികള്‍ മരിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖത്തര്‍

ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിലായി പ്രവര്‍ത്തിച്ചവരില്‍ 400-നും 500-നുമിടയില്‍ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തല്‍. ഇപ്പോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ഇവരെല്ലാം. ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദി ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍ നടത്തിയത്.

ഇതോടെ ലോകകപ്പിനായി 200 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്റ്റേഡിയങ്ങളും മെട്രോ ലൈനുകളും ടൂര്‍ണമെന്റിന് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളും നിര്‍മിച്ച ഖത്തറിലെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആശങ്കകള്‍ വീണ്ടും ഉയര്‍ന്നു വരികയാണ്. ഇത് ഏകദേശ കണക്കാണെന്നും മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ഹസന്‍ തവാദി പറയുന്നുണ്ട്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മോര്‍ഗന്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഈ കണക്ക് ഖത്തര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. 2014 മുതല്‍ 2021 വരെയുള്ള കണക്കാണിതെന്ന് തവാദി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതലും മരണങ്ങള്‍ സംഭവിച്ചതെന്നും തവാദി പറയുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ ഉടനീളം ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടി വന്ന പരിക്കുകളും മരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും തവാദിയുടെ വെളിപ്പെടുത്തലോടെ വീണ്ടും ഉയരുകയാണ്.