രാജ്യത്ത് നാളെമുതല്‍ ഡിജിറ്റല്‍ രൂപ ; കൂടുതല്‍ വിവരങ്ങള്‍ അറിയാം
നാളെമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും. ഇതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളുമായാണ് ആര്‍ബിഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളും ഉള്‍പ്പെടുന്ന ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.
ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന രൂപയാണ് ഇ-റുപ്പീ. പേപ്പര്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന തുല്യമൂല്യം ഇതിനുണ്ട്. ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴിയാണ് ഇത് വിതരണം ചെയ്യുകയെന്നും ആര്‍ബിഐ അറിയിച്ചു. പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റ് ഡിവൈസുകളിലുമുള്ള ഡിജിറ്റല്‍ വാലറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയും. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താമെന്നും ആര്‍ബിഐ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതുപോലെ, വ്യാപാര സ്ഥാപനങ്ങളുടെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇ-റുപ്പി വഴി പേയ്‌മെന്റുകള്‍ നടത്താനാകും.
ഡിജിറ്റല്‍ രൂപ സൃഷ്ടിക്കല്‍, വിതരണം, റീട്ടെയില്‍ ഉപയോഗം എന്നീ പ്രക്രിയകളുടെ കരുത്ത് പരീക്ഷണഘട്ടത്തില്‍ പരിശോധിക്കുമെന്നും ആര്‍ബിഐ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ-റുപ്പി ടോക്കണിന്റെയും ആര്‍ക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തില്‍ പരീക്ഷിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. ഘട്ടം ഘട്ടമായാണ് ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളില്‍ മാത്രമാണ് ഡിജിറ്റല്‍ റുപ്പി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ഡിസംബര്‍ 1 മുതല്‍ ഇ-റുപ്പി സൗകര്യം ലഭ്യമാകുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകകളും പദ്ധതിയില്‍ ചേരും. പിന്നീട്, അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല തുടങ്ങിയ നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.